പണത്തിന്റെ ദുരുപയോഗം

ഒറ്റിക്കൊടുക്കൽ, വംശഹത്യാശ്രമം, കൊലപാതകം എന്നിവയ്ക്ക് പിന്നിലെ പ്രേരണയായി പണത്തെ കാണിച്ചുകൊണ്ട് ഈ ഭാഗങ്ങൾ പണത്തിന്റെ ദുഷിപ്പിക്കുന്ന സ്വാധീനം വ്യക്തമാക്കുന്നു.

യേശുവിനെ ഒറ്റിക്കൊടുത്തത്

അന്നു പന്തിരുവരിൽ ഒരുവനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു: “ഞാൻ യേശുവിനെ നിങ്ങൾക്ക് ഏൽപ്പിച്ചു തന്നാൽ, നിങ്ങൾ എനിക്ക് എന്ത് തരുവാൻ മനസ്സുണ്ട്?“ എന്നു ചോദിച്ചു. അവർ യൂദാ ഈസ്കര്യോത്താവിന് മുപ്പതു വെള്ളിക്കാശ് തൂക്കിക്കൊടുത്തു. (മത്തായി 26:14-15)
അവനെ ശിക്ഷയ്ക്ക് വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: “ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപംചെയ്തു“ എന്നു പറഞ്ഞു. “അത് ഞങ്ങൾക്കു എന്ത്? നീ തന്നെ നോക്കിക്കൊൾക“ എന്നു അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിലേക്ക് എറിഞ്ഞിട്ട്, വേറിട്ടു ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: “ഇതു രക്തവിലയാകയാൽ ഖജനാവിൽ ഇടുന്നത് വിഹിതമല്ല“ എന്നു പറഞ്ഞു കൂടി ആലോചിച്ചു, പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ട് കുശവന്‍റെ നിലം വാങ്ങി. ആകയാൽ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു. “യിസ്രായേൽ മക്കൾ വിലമതിച്ചവൻ്റെ വിലയായ മുപ്പതു വെള്ളിക്കാശ് അവർ എടുത്തു. കർത്താവ് എന്നോട് നിർദ്ദേശിച്ചതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തി വന്നു. (മത്തായി 27:3-10)
പിന്നെ പന്തിരുവരിൽ ഒരുവനായ ഈസ്കര്യോത്താ യൂദാ യേശുവിനെ മഹാപുരോഹിതൻമാർക്ക് ഏല്പിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്നു. അവർ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദാനം ചെയ്തു; അവൻ യേശുവിനെ എങ്ങനെ അവർക്കു ഏല്പിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. (മർക്കൊസ് 14:10-11)
എന്നാൽ പന്ത്രണ്ടു ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദയിൽ സാത്താൻ കടന്നു: അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്ക് കാണിച്ചു കൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. അവർക്ക് സന്തോഷമായി. യൂദയ്ക്ക് പണം കൊടുക്കാം എന്നു സമ്മതിച്ചു. (ലൂക്കോസ് 22:3-5)
അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്‍റെ കുടലെല്ലാം പുറത്തുചാടി. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 1:18)

സഹോദരനെ അടിമയായി വിറ്റത്

മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി. (ഉൽപത്തി 37:28)

ലക്ഷണം പറച്ചിലിന് നൽകിയ പണം

മോവാബിലേയും മിദ്യാനിലേയും മൂപ്പന്മാർ ഒന്നിച്ച് കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്‍റെ അടുക്കൽ ചെന്നു ബാലാക്കിൻ്റെ വാക്കുകൾ അവനോട് പറഞ്ഞു. (സംഖ്യാപുസ്തകം 22:7)
ബിലെയാം ബാലാക്കിൻ്റെ ഭൃത്യന്മാരോട്: “ബാലാക്ക് തന്‍റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും എനിക്ക് തന്നാലും എന്‍റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് കൂടുതലോ കുറവോ ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല. (സംഖ്യാപുസ്തകം 22:18)
‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്നു എന്‍റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ? (സംഖ്യാപുസ്തകം 24:13)

യെഹൂദജനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന് വാഗ്ദാനം ചെയ്ത പണം

രാജാവിന് സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിന് സന്ദേശം എഴുതി അയക്കേണം. എന്നാൽ ഞാൻ കാര്യവിചാരകന്മാരുടെ കയ്യിൽ പതിനായിരം (10,000) താലന്തു വെള്ളി രാജാവിന്‍റെ ഭണ്ഡാരത്തിലേക്ക് കൊടുത്തയയ്ക്കാം” എന്ന് പറഞ്ഞു. അപ്പോൾ രാജാവ് തന്‍റെ മോതിരം കയ്യിൽനിന്ന് ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു. രാജാവ് ഹാമാനോട്: “ഞാൻ ആ വെള്ളിയെയും ആ ജാതിയെയും നിനക്ക് ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊൾക” എന്ന് പറഞ്ഞു. (എസ്ഥേർ 3:9-11)
മൊർദ്ദെഖായി തനിക്കു സംഭവിച്ചതും യെഹൂദന്മാരെ നശിപ്പിക്കുവാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത പണം എത്ര എന്നും അവനോട് അറിയിച്ചു. (എസ്ഥേർ 4:7)

ശിംശോനെ ഉപദ്രവിക്കാൻ നൽകിയ പണം

അതിന്‍റെശേഷം അവൻ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. ഫെലിസ്ത്യ പ്രഭുക്കന്മാർ അവളുടെ അടുക്കൽവന്ന് അവളോട്: “നീ അവനെ വശീകരിച്ച് അവന്‍റെ മഹാശക്തി ഏതിൽ എന്നും അവനെ എങ്ങനെ കീഴ്പെടുത്താൻ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറ് വെള്ളിപ്പണം വീതം നിനക്ക് തരാം” എന്നു പറഞ്ഞു. (ന്യായാധിപന്മാർ 16:4-5)
അവൻ തന്‍റെ ഉള്ളം തുറന്ന് സംസാരിച്ചു എന്ന് ദെലീലാ മനസ്സിലാക്കിയപ്പോൾ, ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പിച്ച് “ഇന്ന് വരുവിൻ; അവൻ തന്‍റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു” എന്നു പറയിച്ചു. ഫെലിസ്ത്യ പ്രഭുക്കന്മാർ പണവുമായി അവളുടെ അടുക്കൽ വന്നു. (ന്യായാധിപന്മാർ 16:18)

കൊലപാതകത്തിന് നൽകിയ പണം

പിന്നെ അവർ ബാൽബെരീത്തിന്‍റെ ക്ഷേത്രത്തിൽനിന്ന് എഴുപത് വെള്ളിക്കാശ് എടുത്ത് അവന് കൊടുത്തു; അതുകൊണ്ട് അബീമേലെക്ക് കലഹക്കാരും ബുദ്ധിശൂന്യരുമായ ആളുകളെ കൂലിക്ക് വാങ്ങി അവർക്ക് നായകനായ്തീർന്നു. (ന്യായാധിപന്മാർ 9:4)