അത്യാഗ്രഹികളാകരുതെന്ന് കല്പിച്ചിരിക്കുന്നു
ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്ക് ഉചിതം. (എഫെസ്യർ 5:3)
ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിൻ്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. (എഫെസ്യർ 5:5)
അത്യാഗ്രഹം വിഗ്രഹാരാധനയാണ്
ആകയാൽ വ്യഭിചാരം, അശുദ്ധി, അമിതവികാരം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ പാപാഭിലാഷങ്ങളെ മരിപ്പിക്കുവീൻ. (കൊലൊസ്സ്യർ 3:5)
എല്ലാവിധ അത്യാഗ്രഹത്തിനും എതിരെ സൂക്ഷിക്കുക
പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; അവനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു. (ലൂക്കോസ് 12:15)
അത്യാഗ്രഹപ്രവണതയുണ്ടെങ്കിൽ ആത്മനിയന്ത്രണം പാലിക്കുക
നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക. നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക. അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ. (സദൃശവാക്യങ്ങൾ 23:1-3)
ക്രിസ്തു നമ്മുടെ വാഞ്ഛയാകുമ്പോൾ അത്യാഗ്രഹം ഒരു പ്രശ്നമല്ല
സ്വർഗ്ഗത്തിൽ അങ്ങ് ഒഴികെ എനിക്ക് ആരാണുള്ളത്? ഭൂമിയിലും അങ്ങയെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. (സങ്കീർത്തനങ്ങൾ 73:25)
അത്യാഗ്രഹിയല്ലാത്ത ദൈവഭക്തന്റെ ഉദാഹരണം
നിങ്ങൾ അറിയുംപോലെ മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിൻ്റെ ഉപായമോ ഞങ്ങൾ ഒരിക്കലും പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി. (1 തെസ്സലൊനീക്യർ 2:5)
കർത്താവ് അത്യാഗ്രഹത്തെ ശിക്ഷിക്കുന്നു
തന്റെ മക്കൾക്ക് ഒരു ദൃഷ്ടാന്തമായി
അവർ മോഹിച്ചതുപോലെ നാമും തിന്മ മോഹിക്കാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു ദൃഷ്ടാന്തമായി സംഭവിച്ചു; (1 കൊരിന്ത്യർ 10:6)
അത്യാഗ്രഹികൾ ആഗ്രഹിച്ചത്
പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആര് തരും? ഞങ്ങൾ മിസ്രയീമിൽ വച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. (സംഖ്യാപുസ്തകം 11:4-5)
അത്യാഗ്രഹികളുടെ ഉദാഹരണങ്ങൾ
ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു. (1 ശമൂവേൽ 14:32)
അത്യാഗ്രഹികളായ നേതാക്കൾ
ഈ നായ്ക്കൾ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാർ തന്നെ; ഈ ഇടയന്മാരോ സൂക്ഷിക്കുവാൻ അറിയാത്തവർ; അവരെല്ലാവരും ഒട്ടൊഴിയാതെ അവനവന്റെ വഴിക്കും ഓരോരുത്തൻ അവനവന്റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു. (യെശയ്യാവ് 56:11)
അത്യാഗ്രഹികൾ ദുഷ്ടന്മാരാണ്
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ, (റോമർ 1:28-29)
ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു. ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; ”ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. (സങ്കീർത്തനങ്ങൾ 10:3-4)
അത്യാഗ്രഹം അത്യാഗ്രഹിയെ പിടികൂടും
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. (സദൃശവാക്യങ്ങൾ 11:6)
കള്ളപ്രവാചകന്മാർ അത്യാഗ്രഹത്താൽ ക്രിസ്തുവിന്റെ ശരീരത്തെ ചൂഷണം ചെയ്യും
എന്നാൽ കള്ളപ്രവാചകന്മാർ യിസ്രായേൽ ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ വരും; അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങളെ കൊണ്ടുവരികയും തങ്ങളെ വിലയ്ക്ക് വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞ് തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്തുകയും ചെയ്യും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്താൽ കൗശലവാക്ക് പറഞ്ഞ് നിങ്ങളെ ചൂഷണം ചെയ്യും. അവർക്ക് പൂർവ്വകാലം മുതൽ നിശ്ചയിച്ചിരിയ്ക്കുന്ന ശിക്ഷാവിധി താമസിയാതെവരും; അവരുടെ നാശം നിശ്ചയമാണ്. (2 പത്രൊസ് 2:1-3)
അവർ വ്യഭിചാരിണിയെ കണ്ടു രസിക്കുകയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും അസ്ഥിരരായ ദേഹികളെ തെറ്റിലേക്ക് വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട സന്തതികളാണ്. അവർ നേർവഴി വിട്ടുമാറി അനീതിയുടെ കൂലി കൊതിച്ചവനും ബെയോരിന്റെ മകനുമായ ബിലെയാമിന്റെ മാർഗ്ഗത്തെയാണ് പിന്തുടർന്നത്. (2 പത്രൊസ് 2:14-15)
ഒരിക്കലും തൃപ്തരാകാത്തവരുണ്ട്
കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; ‘മതി’ എന്നു പറയാത്തത് നാലുണ്ട്: (സദൃശവാക്യങ്ങൾ 30:15)
മതഭക്തർ അത്യാഗ്രഹികളാകാം
സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്ന് എന്റെ ജനമായിട്ട് നിന്റെ മുമ്പിൽ ഇരുന്ന് നിന്റെ വചനങ്ങൾ കേൾക്കുന്നു; എന്നാൽ അവർ അവ പ്രമാണിക്കുന്നില്ല; വായ്കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, അന്യായലാഭം കൊതിക്കുന്നു. (യെഹെസ്കേൽ 33:31)
കർത്താവ് അത്യാഗ്രഹികളെ ശിക്ഷിച്ചതിന്റെ ഉദാഹരണം
ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്നു പേരായി. (സംഖ്യാപുസ്തകം 11:34)
നയമാൻ എലീശയുടെ സമീപത്തു നിന്നു ദൂരെ പോയശേഷം ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി: “അരാമ്യനായ നയമാൻ കൊണ്ടുവന്നത് എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങും” എന്നു പറഞ്ഞു. അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റ്: “സുഖം തന്നെയോ?” എന്നു ചോദിച്ചു. അതിന് അവൻ: “സുഖം തന്നെ; ഇപ്പോൾ പ്രവാചക ഗണത്തില് രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും തരേണമേ എന്നു പറയാൻ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ദയവായി രണ്ടു താലന്തു വാങ്ങേണമേ” എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും കെട്ടി തന്റെ ഭൃത്യന്മാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അത് ചുമന്നുകൊണ്ട് അവന്റെ മുമ്പിൽ നടന്നു. കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ട് ബാല്യക്കാരെ പറഞ്ഞയച്ചു. അവർ മടങ്ങി പോവുകയും ചെയ്തു. പിന്നെ അവൻ അകത്ത് കടന്ന് യജമാനന്റെ മുമ്പിൽനിന്നു. അപ്പോൾ എലീശാ അവനോട്: “ഗേഹസിയേ, നീ എവിടെ പോയിരുന്നു?” എന്നു ചോദിച്ചു. “അടിയൻ എങ്ങും പോയില്ല” എന്നു അവൻ പറഞ്ഞു. അതിന് അവൻ: “ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിക്കുവാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ വാങ്ങുവാനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും ബാധിച്ചിരിക്കും” എന്നു അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി എലീശയെ വിട്ടു പുറപ്പെട്ടുപോയി. (2 രാജാക്കന്മാർ 5:20-27)
അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” എന്നു യഹോവയുടെ അരുളപ്പാടു. “അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. (യിരെമ്യാവ് 6:12-13)
അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. (യിരെമ്യാവ് 8:10)