മോഹിക്കരുതെന്ന് കല്പിച്ചിരിക്കുന്നു
കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.” (പുറപ്പാട് 20:17)
കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.’ (ആവർത്തനപുസ്തകം 5:21)
“അവരുടെ ദേവപ്രതിമകൾ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിക്കുവാൻ അവയുടെമേൽ ഉള്ള വെള്ളിയും പൊന്നും മോഹിച്ച് എടുക്കരുത്; അത് നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു. (ആവർത്തനപുസ്തകം 7:25)
മോഹിക്കുന്നതിന് ശിക്ഷ മുന്നറിയിപ്പ് നൽകിയിരിക്കുന്നു
എന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽ പാളയത്തിൽ ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. (യോശുവ 6:18)
കിടക്കയിൽ നീതികേട് നിരൂപിച്ച് തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട് പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു. അവർ നിലങ്ങൾ മോഹിച്ച് അതിക്രമത്താൽ അവ കൈവശപ്പെടുത്തുന്നു; അവർ വീടുകൾ മോഹിച്ച് അവയെ പിടിച്ചെടുക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും, മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു. അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്ന് നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കുകയില്ല, നിഗളത്തോടെ നടക്കുകയുമില്ല; ഇത് ദുഷ്ക്കാലമല്ലയോ.” (മീഖാ 2:1-3)
മോഹിച്ചതിനുള്ള ശിക്ഷയുടെ ഉദാഹരണം
യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിത വസ്തുക്കൾ എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽ മക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. “നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴിയുകയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. “നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.” അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സേരെഹ്യകുലം പിടിക്കപ്പെട്ടു; അവൻ സേരഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരെഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത്” എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും, ഇരുനൂറ് ശേക്കൽ വെള്ളിയും, അമ്പത് ശേക്കൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു” എന്നു ഉത്തരം പറഞ്ഞു. യോശുവ ദൂതന്മാരെ അയച്ചു; അവർ ഓടിച്ചെന്നു; കൂടാരത്തിൽ ആ വസ്തുക്കൾ കുഴിച്ചിട്ടിരിക്കുന്നത് കണ്ടു. അവർ അവയെ കൂടാരത്തിൽ നിന്ന് എടുത്ത് യോശുവയുടെയും എല്ലാ യിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു. അപ്പോൾ യോശുവയും എല്ലാ യിസ്രായേലും സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർ താഴ്വരയിൽ കൊണ്ടുപോയി: “നീ ഞങ്ങളെ കഷ്ടപ്പെടുത്തിയത് എന്തിന്? യഹോവ ഇന്ന് നിന്നെ വലയ്ക്കും” എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേൽ മക്കൾ അവരെ കല്ലെറിയുകയും തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്തു. (യോശുവ 7:11-25)
നമ്മെ പഠിപ്പിക്കാൻ നൽകിയിരിക്കുന്ന മോഹത്തിന്റെ ഉദാഹരണങ്ങൾ
അവർ മോഹിച്ചതുപോലെ നാമും തിന്മ മോഹിക്കാതിരിക്കേണ്ടതിന് ഇത് നമുക്ക് ഒരു ദൃഷ്ടാന്തമായി സംഭവിച്ചു; (1 കൊരിന്ത്യർ 10:6)
അത്യാഗ്രഹികൾ ദൈവരാജ്യം അവകാശമാക്കുകയില്ല
അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ, കള്ളന്മാരോ, അത്യാഗ്രഹികളോ, മദ്യപന്മാരോ, അസഭ്യം പറയുന്നവരോ, വഞ്ചകന്മാരോ ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊരിന്ത്യർ 6:9-10)
അത്യാഗ്രഹി വിഗ്രഹാരാധിയാണ്
ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്ക് ഉചിതം. (എഫെസ്യർ 5:3)
ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിൻ്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. (എഫെസ്യർ 5:5)
അത്യാഗ്രഹിയായ വിശ്വാസിയോട് സംസർഗം ചെയ്യരുത്
ദുർന്നടപ്പുകാരോട് സംസർഗ്ഗം അരുത് എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ, അത്യാഗ്രഹികളും വഞ്ചകരും ആയവരോടോ, വിഗ്രഹാരാധികളോടോ അരുത് എന്നല്ല; അങ്ങനെ എങ്കിൽ നിങ്ങൾ ഈ ലോകം വിട്ട് പോകേണ്ടിവരും. എന്നാൽ സഹോദരൻ എന്നു പേരുള്ള ഒരാൾ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, അസഭ്യം പറയുന്നവനോ, മദ്യപനോ, വഞ്ചകനോ ആകുന്നു എങ്കിൽ അവനോട് സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കുകപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്. (1 കൊരിന്ത്യർ 5:9-11)
മോഹിക്കാത്ത ദൈവഭക്തന്റെ ഉദാഹരണം
ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 20:33)
ദൈവത്തിന് മോഹത്തെ നിയന്ത്രിക്കാൻ കഴിയും
വർഷത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരെല്ലാവരും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരേണം. ഞാൻ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ് നിന്റെ അതിർത്തികൾ വിശാലമാക്കും; നീ വർഷത്തിൽ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് കയറിപ്പോകുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കുകയില്ല. (പുറപ്പാട് 34:23-24)
ന്യായപ്രമാണത്തിന്റെ ധർമ്മം വിശദീകരിക്കാൻ മോഹം ദൃഷ്ടാന്തമായി ഉപയോഗിച്ചിരിക്കുന്നു
ആകയാൽ നാം എന്ത് പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അല്ല. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; “നീ മോഹിക്കരുത്” എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറിയുകയില്ലായിരുന്നു. പാപമോ കല്പനയിലൂടെ അവസരമെടുത്തിട്ട് എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിർജ്ജീവമാകുന്നു. (റോമർ 7:7-8)