വ്യാപാരം
മിസ്രയീമിൽ നിന്ന് ഇറക്കുമതി ചെയ്ത രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കൽ വെള്ളിയായിരുന്നു വില; പ്രതിനിധികൾ മുഖേന ഹിത്യരാജാക്കന്മാർക്കും അരാം രാജാക്കന്മാർക്കും അത് അവർ കയറ്റുമതി ചെയ്തു കൊടുത്തിരുന്നു. (1 രാജാക്കന്മാർ 10:29)
വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു. (സദൃശവാക്യങ്ങൾ 20:14)
“ഇന്നോ നാളെയോ ഞങ്ങൾ ഇന്നിന്ന പട്ടണത്തിൽ പോയി അവിടെ ഒരു വർഷം താമസിച്ച് വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും” എന്നു പറയുന്നവരേ, കേൾക്കുവിൻ: നാളെ എന്ത് സംഭവിക്കും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളത്? അല്പനേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞു പോകുന്നതുമായ മൂടൽമഞ്ഞ് പോലെയാകുന്നു. പ്രത്യുത, കർത്താവിന് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നത് ചെയ്യും എന്നാണ് പറയേണ്ടത്. (യാക്കോബ് 4:13-15)
വ്യഭിചാരത്തിന്റെ സാമ്പത്തിക പരിണതഫലങ്ങൾ
അന്യർ നിന്റെ സമ്പത്ത് തിന്നുകളയരുത്; നിന്റെ പ്രയത്നഫലം അന്യരുടെ വീട്ടിലേക്ക് പോകുകയുമരുത്. (സദൃശവാക്യങ്ങൾ 5:10)
അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല. (സദൃശവാക്യങ്ങൾ 6:35)
ജ്ഞാനം ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോട് സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്ത് നശിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 29:3)
മനുഷ്യഹൃദയം
കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്. അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്നു അവൻ നിന്നോട് പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല. നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. (സദൃശവാക്യങ്ങൾ 23:6-8)
സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്ന് എന്റെ ജനമായിട്ട് നിന്റെ മുമ്പിൽ ഇരുന്ന് നിന്റെ വചനങ്ങൾ കേൾക്കുന്നു; എന്നാൽ അവർ അവ പ്രമാണിക്കുന്നില്ല; വായ്കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, അന്യായലാഭം കൊതിക്കുന്നു. (യെഹെസ്കേൽ 33:31)
എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ കടുത്ത അസൂയയും സ്വാർത്ഥമോഹവും ഉണ്ടെങ്കിൽ, അഹങ്കരിക്കുകയും സത്യത്തിന് വിരോധമായി കള്ളം പറയുകയുമരുത്. ഇത് ഉയരത്തിൽനിന്ന് വരുന്ന ജ്ഞാനമല്ല, ലൗകികവും പ്രാകൃതവും പൈശാചികവും ആയതത്രേ. അസൂയയും സ്വാർത്ഥമോഹവും ഉള്ളിടത്ത് കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്. (യാക്കോബ് 3:14-16)
നിങ്ങൾ ആഗ്രഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല; നിങ്ങൾ കലഹിക്കുകയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കാത്തതുകൊണ്ട് പ്രാപിക്കുന്നില്ല. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗതാല്പര്യങ്ങൾക്കായി ചെലവിടേണ്ടതിന് തെറ്റായി യാചിക്കുകകൊണ്ട് ഒന്നും ലഭിക്കുന്നില്ല. (യാക്കോബ് 4:2-3)
അവർ ദ്രവ്യാഗ്രഹത്താൽ കൗശലവാക്ക് പറഞ്ഞ് നിങ്ങളെ ചൂഷണം ചെയ്യും. അവർക്ക് പൂർവ്വകാലം മുതൽ നിശ്ചയിച്ചിരിയ്ക്കുന്ന ശിക്ഷാവിധി താമസിയാതെവരും; അവരുടെ നാശം നിശ്ചയമാണ്. (2 പത്രൊസ് 2:3)
വിവാഹം സംബന്ധിച്ച പഴയനിയമ ന്യായപ്രമാണം
എന്നാൽ നിനക്കു അവളോട് ഇഷ്ടമില്ലാതായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലയ്ക്ക് വില്ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോട് ക്രൂരമായി ഇടപെടരുത്. (ആവർത്തനപുസ്തകം 21:14)
ചിലർക്ക് പണത്തെക്കുറിച്ച് ചിന്തയില്ല
ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്ക് താത്പര്യവുമില്ല. (യെശയ്യാവ് 13:17)
ഗിബെയോന്യർ അവനോട്: “ശൗലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ട് തീരുന്നതല്ല; യിസ്രായേലിൽ ഞങ്ങൾക്കുവേണ്ടി ഒരുവനെ നീ കൊല്ലുകയും വേണ്ട” എന്നു പറഞ്ഞു. “നിങ്ങൾ പറയുന്നത് എന്തുതന്നെയായാലും ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തുതരാം” എന്നു അവൻ പറഞ്ഞു. (2 ശമൂവേൽ 21:4)
വിവിധം
അതിന് അവൻ പറഞ്ഞത്: “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ. ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. (രൂത്ത് 3:10)
ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അത് വില്ക്കുന്നവന്റെ തലമേൽ അനുഗ്രഹം വരും. (സദൃശവാക്യങ്ങൾ 11:26)
മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു. (സദൃശവാക്യങ്ങൾ 12:9)
നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. (സദൃശവാക്യങ്ങൾ 23:23)
അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ അവനു ദുഷ്ടന്മാരോടുകൂടി ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടുകൂടി ആയിരുന്നു. (യെശയ്യാവ് 53:9)
പിന്നെ യേശു അവരോട്: അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് ശിഷ്യനായി തീർന്ന ഏത് ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോട് സദൃശനാകുന്നു എന്നു പറഞ്ഞു. (മത്തായി 13:52)
പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവൾ പല വൈദ്യന്മാരാലുള്ള ചികിത്സകൊണ്ട് വളരെയധികം സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്നു. (മർക്കൊസ് 5:25-26)
“ഞാൻ ഏറിയ മുതൽ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു” എന്നു സഹസ്രാധിപൻ പറഞ്ഞതിന്: “ഞാനോ റോമൻ പൗരനായി ജനിച്ചിരിക്കുന്നു” എന്നു പൗലൊസ് പറഞ്ഞു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 22:28)
നീതിമാന്മാർക്ക് പിഴ ചുമത്തരുത്
നീതിമാന് പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല. (സദൃശവാക്യങ്ങൾ 17:26)
കർത്താവിന്റെ ന്യായവിധികൾ
ആ നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമെല്ലാം മുള്ളുകളും മുൾച്ചെടികളും പിടിച്ചുകിടക്കും. (യെശയ്യാവ് 7:23)
എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും. (യെശയ്യാവ് 23:18)
മശിഹാ അഭിവൃദ്ധിപ്പെടും
എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും. (യെശയ്യാവ് 52:13)
എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവിടുന്ന് അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കുകയും ചെയ്യും. (യെശയ്യാവ് 53:10)
കർത്താവുമായുള്ള ബന്ധം വിലയ്ക്ക് വാങ്ങാനാവില്ല
അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്ളുവിൻ. അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? എന്റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിക്കുവിൻ; വിശിഷ്ടആഹാരം കഴിച്ചു ആനന്ദിച്ചുകൊള്ളുവിൻ. (യെശയ്യാവ് 55:1-2)
അവിശ്വസ്തത വേശ്യാവൃത്തിക്ക് തുല്യമാക്കിയിരിക്കുന്നു
സകലവേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകലജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിന് നാലുപുറത്തുനിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്ക് കൈക്കൂലി കൊടുക്കുകയും ചെയ്യുന്നു. നിന്റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വ്യത്യാസം ഉണ്ട്; നിന്റെ അടുക്കൽ പരസംഗത്തിന് ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയാകുന്നു ചെയ്യുന്നത്; അതിലാകുന്നു വ്യത്യാസം ഉള്ളത്. (യെഹെസ്കേൽ 16:33-34)
പുരോഹിതന്മാരെയും ഭൂമിയെയും സംബന്ധിച്ച നിയമങ്ങൾ
അവർ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്ക് കൈവശം കൊടുക്കുകയുമരുത്; അത് യഹോവയ്ക്കു വിശുദ്ധമാണല്ലോ. (യെഹെസ്കേൽ 48:14)
ദുഷ്ടന്മാർ കർത്താവിന് കുറഞ്ഞ വില കല്പിക്കുന്നു
ഞാൻ അവരോട്: “നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്റെ കൂലിതരുവിൻ; ഇല്ലെന്നുവരുകിൽ തരേണ്ടാ” എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു. എന്നാൽ യഹോവ എന്നോട്: “അത് ഭണ്ഡാരത്തിൽ ഇട്ടുകളയുക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ” എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു. (സെഖര്യാവ് 11:12-13)
ഉള്ളവന് കൂടുതൽ കൊടുക്കും; ഇല്ലാത്തവനിൽനിന്ന് ഉള്ളതും എടുത്തുകളയും
“നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. എന്തുകൊണ്ടെന്നാൽ ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു. (മർക്കൊസ് 4:24-25)
രക്ഷയെക്കുറിച്ചുള്ള ദൂതന്മാരുടെ സന്തോഷം വിശദീകരിക്കാൻ പണം ഉപയോഗിച്ചിരിക്കുന്നു
അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മ ഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും? കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും. അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. (ലൂക്കോസ് 15:8-10)
ആദിമസഭയിലെ ഉടമസ്ഥതയെക്കുറിച്ചുള്ള കാഴ്ചപ്പാട്
വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായിരുന്ന് തങ്ങൾക്കുള്ളതെല്ലാം പൊതുവക എന്നു എണ്ണുകയും തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും, (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2:44-45)
വിശ്വസിച്ചവരുടെ വലിയ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; സകലവും അവർക്ക് പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെയ്ക്കും; പിന്നെ ഓരോരുത്തനും അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും. പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച സൈപ്രസ് ദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റ് പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4:32-37)
കർത്താവിനെ അറിയുന്നവർ വിലയേറിയ ദുഷ്കാര്യങ്ങൾ ഉപേക്ഷിക്കുന്നു
വിശ്വസിച്ചവരിൽ അനേകരും വന്ന് തങ്ങളുടെ തെറ്റുകളെ അംഗീകരിച്ച് ഏറ്റുപറഞ്ഞു. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയപ്പോൾ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 19:18-19)
ന്യായീകരണം
സാറായോടു അവൻ: “നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം (1,000) വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പരിഹാരം; നീ ഒരു കുറ്റവും ചെയ്തിട്ടില്ല. എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു. (ഉൽപത്തി 20:16)
കൊള്ള, കവർച്ച
പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്നു, അവരുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതുകൊണ്ടു പട്ടണം കൊള്ള ചെയ്തു. യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു. അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും ഭാര്യമാരെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു. (ഉൽപത്തി 34:27-29)
ഇങ്ങനെ യിസ്രായേൽ മക്കൾ ഫെലിസ്ത്യരെ ഓടിക്കുകയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു. (1 ശമൂവേൽ 17:53)
അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടു ശമര്യയെ ഉപരോധിച്ച്, അതിനോടു യുദ്ധംചെയ്തു. അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽ രാജാവായ ആഹാബിനോട്: “നിന്റെ വെള്ളിയും പൊന്നും സൗന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്” എന്നു ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു. അതിന് യിസ്രായേൽ രാജാവ്: “എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങേയുടേതാകുന്നു” എന്നു മറുപടി പറഞ്ഞയച്ചു. ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; നാളെ ഈ സമയത്ത് ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്കു ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും” എന്നു പറഞ്ഞു. എല്ലാ മൂപ്പന്മാരും സകലജനവും അവനോട്: “നീ കേൾക്കരുത്, സമ്മതിക്കുകയും അരുത്” എന്നു പറഞ്ഞു. (1 രാജാക്കന്മാർ 20:1-6, 8)
യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി. അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകല ഉപകരണങ്ങളും എടുത്തു തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി. (2 രാജാക്കന്മാർ 14:12, 14)
യെഹോശാഫാത്തും അവന്റെ പടയാളികളും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ ധാരാളം സമ്പത്തും വസ്ത്രങ്ങളും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്ക് ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ളമുതൽ വളരെയായിരുന്നതുകൊണ്ട് അവർ മൂന്നുദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. (2 ദിനവൃത്താന്തം 20:25)
ഞങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ ഇന്നുവരെയും ഞങ്ങൾ വലിയ കുറ്റക്കാരായിരിക്കുന്നു. ഞങ്ങളുടെ അകൃത്യങ്ങൾ നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇപ്പോഴുള്ളതുപോലെ അന്യരാജാക്കന്മാരുടെ കയ്യിൽ വാളിനും പ്രവാസത്തിനും കവർച്ചെക്കും അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു. (എസ്രാ 9:7)
അവയിൽ രാജാവ് അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നെ, ഓരോ പട്ടണത്തിലെ യെഹൂദന്മാർ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കുവേണ്ടി പൊരുതി തങ്ങളെ ഉപദ്രവിക്കുവാൻ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ച് കൊന്നുമുടിക്കുവാനും അവരുടെ സമ്പത്ത് കൊള്ളയിടുവാനും യെഹൂദന്മാർക്ക് അധികാരം കൊടുത്തു. (എസ്ഥേർ 8:11-12)
യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്ന് മുടിച്ചുകളഞ്ഞു, തങ്ങളെ വെറുത്തവരോട് തങ്ങൾക്ക് ബോധിച്ചതുപോലെ പ്രവർത്തിച്ചു. എന്നാൽ അവർ കൊള്ളയടിച്ചില്ല. (എസ്ഥേർ 9:5, 10)
“എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ. (യെശയ്യാവ് 10:5-6)
അതുകൊണ്ട് കർത്താവ് സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരമുള്ള ഹൃദയത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും. ‘എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു. എന്റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്നു അവൻ പറയുന്നുവല്ലോ.” (യെശയ്യാവ് 10:12-14)
അവർ നിന്റെ സമ്പത്ത് കവർന്ന് നിന്റെ ചരക്കു കൊള്ളയിട്ട് നിന്റെ മതിലുകൾ ഇടിച്ച് നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും. (യെഹെസ്കേൽ 26:12)
മിസ്രയീമിന്റെ നേരെ വാൾവരും; കൂശിൽ അതിവേദനയുണ്ടാകും മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ ജനത്തെ അപഹരിക്കുകയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യും. (യെഹെസ്കേൽ 30:4)
അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; മരുഭൂമിയിൽനിന്നു അതു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്റെ കിണർ വരണ്ടുപോകും. അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം കവർന്നുകൊണ്ടുപോകും. (ഹോശേയ 13:15)
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശത്തിന് ചുറ്റും ഒരു വൈരി ഉണ്ടാകും; അവൻ നിന്റെ ഉറപ്പ് നിന്നിൽനിന്ന് താഴ്ത്തിക്കളയും; നിന്റെ അരമനകൾ കൊള്ളയായിത്തീരും.” (ആമോസ് 3:11)
എന്റെ ജനത്തിന്റെ അനർത്ഥദിവസത്തിൽ നീ അവരുടെ വാതിലിനകത്ത് കടക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ നീ അവരുടെ അനർത്ഥം കണ്ടു രസിക്കരുതായിരുന്നു; അവരുടെ അനർത്ഥദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വെക്കരുതായിരുന്നു. (ഓബദ്യാവ് 1:13)
ഏശാവിനുള്ളവരെ കൊള്ളയടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞ് കണ്ടിരിക്കുന്നതും എങ്ങനെ? നീ അകന്നുനിന്ന നാളിൽ, പരദേശികൾ അവന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്ന് യെരൂശലേമിനു ചീട്ടിടുകയും ചെയ്തനാളിൽ തന്നെ, നീയും അവരിൽ ഒരുവനെപ്പോലെ ആയിരുന്നു. (ഓബദ്യാവ് 1:6, 11)
“സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജനതകളെ തകർത്തുകളയുകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും നിവേദിക്കുകയും ചെയ്യും.” (മീഖാ 4:13)
വെള്ളി കൊള്ളയിടുവിൻ; പൊന്ന് കൊള്ളയിടുവിൻ; സമ്പത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്. അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലായിടത്തും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. (നഹൂം 2:9-10)
രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം! അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു; കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല. (നഹൂം 3:1)
അവർ അവനെക്കുറിച്ച് ഒരു ഉപമയും പരിഹസിച്ച് പഴഞ്ചൊല്ലായി, “തന്റെതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ? നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ? നീ പല ജനതകളെയും കവർച്ച ചെയ്തതുകൊണ്ട് അവരിൽ ശേഷിച്ചവർ മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും. (ഹബക്കൂക്ക് 2:6-8)
മക്തേശ് നിവാസികളേ, മുറയിടുവിൻ; വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; അവർ വീടു പണിയും, പക്ഷേ താമസിക്കുകയില്ല; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, വീഞ്ഞു കുടിക്കുകയില്ല. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; സർവ്വഭൂമിയും അവന്റെ ക്രോധത്തിന്റെ തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും. (സെഫന്യാവ് 1:11, 13, 18)
അതുകൊണ്ട് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: എന്നാണ, മോവാബ് സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും മുൾപ്പടർപ്പുകളും ഉപ്പുകുഴികളും പോലെ ശാശ്വതശൂന്യം ആയിത്തീരും; എന്റെ ജനത്തിൽ ശേഷിച്ചവർ അവരെ കവർച്ച ചെയ്യും; എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമാക്കും. (സെഫന്യാവ് 2:9)
ജീവിതശൈലി
മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതയ്ക്കു വേണ്ടിയത്രേ. തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മയ്ക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മയ്ക്ക് ഉതകട്ടെ. “ഏറെ പെറുക്കിയവന് ഏറെയും കുറച്ചു പെറുക്കിയവന് കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. (2 കൊരിന്ത്യർ 8:13-15)
അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം. (1 തിമൊഥെയൊസ് 2:9)
നഷ്ടപരിഹാരം
“മനുഷ്യർ തമ്മിൽ വഴക്കുകൂടി ഒരുവൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകുകയും പിന്നെയും എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും കുത്തിയവൻ സമയനഷ്ടത്തിന് പരിഹാരം നൽകുകയും പൂർണ്ണസുഖം ആകുന്നതുവരെ കുത്തേറ്റവനെ നല്ലവണ്ണം ചികിത്സിപ്പിക്കുകയും ചെയ്യേണം. (പുറപ്പാട് 21:18-19)
“മനുഷ്യർ തമ്മിൽ വഴക്കുകൂടിയിട്ടു ഗർഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗർഭം അലസിയതല്ലാതെ അവൾക്ക് മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭർത്താവ് ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുന്നതുപോലെ അവൻ കൊടുക്കേണം. (പുറപ്പാട് 21:22)
“ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ. എന്നാൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് ഉടമസ്ഥൻ അറിഞ്ഞിട്ടും അവൻ അതിനെ സൂക്ഷിക്കാഞ്ഞതിനാൽ അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം. മോചനദ്രവ്യം അവന്റെമേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിനായി തന്റെമേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം. (പുറപ്പാട് 21:28-30)
കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന് മുപ്പതു ശേക്കൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളയുകയും വേണം. “ഒരുവൻ ഒരു കുഴി തുറന്നുവക്കുകയോ കുഴി കുഴിച്ചശേഷം അത് മൂടാതിരിയ്ക്കുകയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ, കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്ത് അതിന്റെ യജമാനന് തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കണം. “ഒരാളുടെ കാള മറ്റൊരാളുടെ കാളയെ കുത്തുകയും അത് ചത്തുപോകുകയും ചെയ്താൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കണം; ചത്തുപോയതിനെയും പകുത്തെടുക്കണം. അല്ലെങ്കിൽ ആ കാളയ്ക്ക് കുത്തുന്ന ശീലം ഉണ്ടെന്ന് അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളയ്ക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയതു അവനുള്ളതായിരിക്കേണം.“ (പുറപ്പാട് 21:32-36)
നേതാക്കൾ
അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു: “നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും. അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്റെ ഭൃത്യന്മാർക്ക് കൊടുക്കും. അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം എടുത്ത് തന്റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും. അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാരായ യുവാക്കളെയും കഴുതകളെയും പിടിച്ച് തനിക്കു വേല ചെയ്യുന്നവർ ആക്കും. അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും. (1 ശമൂവേൽ 8:10-11, 14-17)
പ്രഭുവിനുള്ളത്, വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും ഇരുവശത്തും വിശുദ്ധവഴിപാടായ സ്ഥലത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കേണം. അത് യിസ്രായേലിൽ അവനുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാർ ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ, യിസ്രായേൽ ഗൃഹത്തിലെ അതത് ഗോത്രത്തിനു ദേശം കൊടുക്കേണം.” (യെഹെസ്കേൽ 45:7-8)
പ്രവചനം
യിരെമ്യാവ് പറഞ്ഞത്: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന് ‘അനാഥോത്തിലെ എന്റെ നിലം വാങ്ങിക്കൊള്ളുക; അത് മേടിക്കുവാൻ തക്കവണ്ണം വീണ്ടെടുപ്പിൻ്റെ അവകാശം നിനക്കുള്ളതല്ലയോ’ എന്നു പറയും.” അങ്ങനെ ഞാൻ ഇളയപ്പൻ്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം വാങ്ങി, വിലയായ പതിനേഴ് ശേക്കൽ വെള്ളി തൂക്കിക്കൊടുത്തു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങൾ വാങ്ങി, അവ ഏറിയകാലം ഭദ്രമായിരിക്കേണ്ടതിന് ഒരു മൺപാത്രത്തിൽ വെക്കുക. ഇനിയും ഈ ദേശത്ത് വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും” എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. (യിരെമ്യാവ് 32:6-7, 9, 14-15)
യഹോവയായ കർത്താവേ, നഗരം കൽദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു വാങ്ങി അതിന് സാക്ഷികളെ വയ്ക്കുവാൻ അങ്ങ് എന്നോട് കല്പിച്ചുവല്ലോ.” (യിരെമ്യാവ് 32:25)
സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല. കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; അതിന്റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ വാങ്ങുന്നവൻ സന്തോഷിക്കുകയും വില്ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ. “അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല. “അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവർക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, അവരുടെ വയറ് നിറയുകയും ഇല്ല; അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ. (യെഹെസ്കേൽ 7:11-13, 19)
യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ നാളിൽ നിന്റെ ഹൃദയത്തിൽ ചില ചിന്തകൾ ഉത്ഭവിക്കും; നീ ഒരു ദുരുപായം നിരൂപിക്കും; ‘മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിനും കവർച്ച ചെയ്യേണ്ടതിനും, ശൂന്യമായിക്കിടന്നശേഷം വീണ്ടും നിവാസികൾ ഉള്ളതായ സ്ഥലങ്ങൾക്കു നേരെയും, ജനതകളുടെ ഇടയിൽനിന്ന് ശേഖരിക്കപ്പെട്ട്, കന്നുകാലികളും ധനവും സമ്പാദിച്ച്, ഭൂമിയുടെ മദ്ധ്യത്തിൽ വസിച്ചിരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിനും മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ച് സ്വൈരമായിരിക്കുന്ന എല്ലാവരുടെയും നേരെ ഞാൻ ചെല്ലും” എന്നും നീ പറയും. ശെബയും ദെദാനും തർശ്ശീശിലെ വ്യാപാരികളും അതിലെ സകലബാലസിംഹങ്ങളും നിന്നോട്: ‘നീ കൊള്ളയിടുവാനോ വന്നത്? കവർച്ച ചെയ്യുവാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിക്കുവാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നത്’ എന്നു പറയും. (യെഹെസ്കേൽ 38:10-13)
അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തെ സമ്പന്നമായ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തത് ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്ക് വാരി വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാൽ ഇത് അല്പകാലത്തേക്ക് മാത്രമായിരിക്കും. (ദാനീയേൽ 11:24)
അതിന് പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ആ ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. (ദാനീയേൽ 11:38)
അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും മിസ്രയീമിലെ മനോഹര വസ്തുക്കളും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ പിന്നാലെ വരും. (ദാനീയേൽ 11:43)
അവർ നിന്റെ നടുവിൽവച്ചു നിന്റെ കൊള്ള വിഭാഗിക്കുവാനുള്ള യഹോവയുടെ ഒരു ന്യായവിധി ദിവസം വരുന്നു. ഞാൻ സകലജനതകളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകൾ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകുകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവർ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല. (സെഖര്യാവ് 14:1-2)
യെഹൂദയും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകലജനതകളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും. (സെഖര്യാവ് 14:14)
ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. (ലൂക്കോസ് 17:28)
അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും (2 തിമൊഥെയൊസ് 3:1-2)
ഒരു ദിവസക്കൂലിയായ ഒരു പണത്തിന് ഒരിടങ്ങഴി ഗോതമ്പു; ഒരു ദിവസക്കൂലിയായ ഒരു പണത്തിന് മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണയ്ക്കും വീഞ്ഞിനും കേട് വരുത്തരുത് എന്നു നാലു ജീവികളുടെയും ഇടയിൽനിന്നും ഒരു ശബ്ദവും ഞാൻ കേട്ടു. (വെളിപ്പാട് 6:6)
അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രധാനികളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകളുടെ ഇടയിലും ഒളിച്ചുകൊണ്ട് മലകളോടും പാറകളോടും; “ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവൻ്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിൻ്റെ കോപത്തിൽ നിന്നും ഞങ്ങളെ മറയ്ക്കുവിൻ. (വെളിപ്പാട് 6:15-16)
ഈ ബാധകളാൽ കൊല്ലപ്പെടാത്ത ബാക്കി മനുഷ്യരോ അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല, ദുർഭൂതങ്ങളെയും, കാണുവാനും കേൾക്കുവാനും നടക്കുവാനും കഴിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ല്, മരം എന്നിവകൊണ്ടുള്ള ബിംബങ്ങളെയും ആരാധിക്കുന്നതും അവർ നിർത്തിയില്ല. അവരുടെ കൊലപാതകം, മന്ത്രവാദം, ദുർന്നടപ്പ്, മോഷണം എന്നീ പ്രവൃത്തികള് വിട്ടു മാനസാന്തരപ്പെട്ടതുമില്ല. (വെളിപ്പാട് 9:20-21)
അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളും സ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിക്കുവാനും; മുദ്രയോ, മൃഗത്തിന്റെ പേരോ, പേരിന്റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്ക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. (വെളിപ്പാട് 13:16-17)
ആ സ്ത്രീ ധൂമ്രവർണ്ണവും കടുഞ്ചുവപ്പ് നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി, അവളുടെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വർണ്ണപാനപാത്രം കയ്യിൽ പിടിച്ചിരുന്നു. (വെളിപ്പാട് 17:4)
അവളുടെമേൽ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചിരിക്കുന്നു; ഭൂമിയിലെ രാജാക്കന്മാർ അവളോട് വേശ്യാസംഗം ചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ അതിമോഹത്താൽ സമ്പന്നരായിത്തീർന്നു.” (വെളിപ്പാട് 18:3)
പൊന്നു, വെള്ളി, രത്നം, മുത്ത്, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും, ലവംഗം, സുഗന്ധദ്രവ്യങ്ങൾ, ലേപനങ്ങൾ, ധൂപവർഗ്ഗങ്ങൾ, വീഞ്ഞ്, എണ്ണ, നേരിയ മാവു, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥങ്ങൾ, അടിമകൾ, മാനുഷപ്രാണൻ എന്നിങ്ങനെ അവളുടെ ചരക്കുകൾ ഇനി ആരും വാങ്ങായ്കയാൽ ഭൂമിയിലെ വ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞു വിലപിക്കും. നിന്റെ മുഴുശക്തിയോടെ നീ ഏറ്റവും കൊതിച്ച കായ്കനികൾ നിനക്കു നഷ്ടമായി; നിന്റെ സ്വാദിഷ്ട ഭോജ്യങ്ങളും അവയുടെ രുചിയും ഇല്ലാതെയായി; നീ ഇനി ഒരിക്കലും അവ കാണുകയില്ല. ഈ സാധനങ്ങളെകൊണ്ട് അവളാൽ സമ്പന്നരായ വ്യാപാരികൾ അവളുടെ പീഢ കണ്ടു ഭയപ്പെട്ട് കരഞ്ഞും അലമുറയിട്ടും കൊണ്ടു ദൂരത്ത് മാറിനിൽക്കും. നേരിയ തുണിയും ധൂമ്രവർണ്ണവും കടുഞ്ചുവപ്പും ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞ മഹാനഗരമേ, കഷ്ടം, കഷ്ടം! ഇത്രവലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു അവർ പറയും. എല്ലാ കപ്പിത്താന്മാരും ഓരോ ദിക്കിലേക്കും കപ്പലേറി പോകുന്നവരും നാവികരും കടലിൽ വ്യാപാരം ചെയ്യുന്നവരൊക്കെയും ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്റെ പുക കണ്ടപ്പോൾ, ഈ മഹാനഗരത്തോട് തുല്യമായി മറ്റേത് നഗരം ഉണ്ട്? എന്നു നിലവിളിച്ചുപറഞ്ഞു. അവർ തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്: കടലിൽ കപ്പലുള്ളവർക്കെല്ലാം തന്റെ ധനത്താൽ സമ്പത്ത് വർദ്ധിപ്പിച്ച മഹാനഗരമേ, കഷ്ടം, കഷ്ടം! ഒറ്റ മണിക്കൂറുകൊണ്ടു അവൾ നശിച്ചുപോയല്ലോ എന്നു പറഞ്ഞ് അവർ വിലപിച്ചും നിലവിളിച്ചും കരഞ്ഞു. (വെളിപ്പാട് 18:11-19)
സഭയിലും മതപരമായ സാഹചര്യങ്ങളിലും ഉള്ള അസത്യസന്ധർ
നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ, പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. “നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു. നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു. എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം ‘കള്ളന്മാരുടെ ഗുഹ’ എന്നു നിങ്ങൾക്ക് തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്നു യഹോവയുടെ അരുളപ്പാടു. (യിരെമ്യാവ് 7:5-9, 11)
അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്: “യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരുകയില്ല” എന്നു പറയുന്നു. (മീഖാ 3:11)
പിന്നീട് യേശു ദൈവലായത്തിൽ പ്രവേശിച്ച്, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കി, നാണയവിനിമയക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞു അവൻ അവരോട്: എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. (മത്തായി 21:12-13)
അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. (മർക്കൊസ് 11:15-17)
പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു അവിടെ കച്ചവടം നടത്തിയവരെ പുറത്താക്കി: എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തിരിക്കുന്നു എന്നു അവരോട് പറഞ്ഞു. (ലൂക്കോസ് 19:45-46)
ദൈവാലയത്തിൽ കാളകൾ, ആടുകൾ, പ്രാവുകൾ എന്നിവയെ വില്ക്കുന്നതും, നാണയമാറ്റക്കാർ അവിടെ ഇരിക്കുന്നതും കണ്ടിട്ട് കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി അവരെല്ലാവരെയും, ആടുകളെയും കാളകളെയുംകൂടെ ദൈവാലയത്തിൽനിന്ന് പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞു; മേശകളെ മറിച്ചിട്ടു; പ്രാവുകളെ വില്ക്കുന്നവരോട്: ഇതു ഇവിടെനിന്ന് കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ കച്ചവടസ്ഥലം ആക്കുന്നത് നിർത്തുവിൻ എന്നു പറഞ്ഞു. (യോഹന്നാൻ 2:14-16)
ഈ മൂന്നാം പ്രാവശ്യവും നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; എന്നാൽ നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; എന്തുകൊണ്ടെന്നാൽ, നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാൻ അന്വേഷിക്കുന്നു; മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ സമ്പാദിച്ചുവയ്ക്കേണ്ടത്. (2 കൊരിന്ത്യർ 12:14)
അതുകൊണ്ട് അദ്ധ്യക്ഷൻ കുറ്റമില്ലാത്തവനും ഏകഭാര്യയുടെ ഭർത്താവും സമചിത്തനും സുബോധശീലനും ആദരണീയനും അതിഥിപ്രിയനും ഉപദേശിക്കുവാൻ സമർത്ഥനും ആയിരിക്കേണം; മദ്യപാനിയും കലഹക്കാരനും അരുത്; എന്നാൽ, ശാന്തനും സമാധാനകാംക്ഷിയും ദ്രവ്യാഗ്രഹമില്ലാത്തവനും (1 തിമൊഥെയൊസ് 3:2-3)
അപ്രകാരം ശുശ്രൂഷകന്മാർ ആദരണീയർ ആയിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും ആകരുത്. (1 തിമൊഥെയൊസ് 3:8)
ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ ഇടയിൽ തുടർമാനമായ കലഹവും ഉളവാകുന്നു; അവർ ദൈവഭക്തി ആദായമാർഗം എന്നു വിചാരിക്കുന്നു. എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും. (1 തിമൊഥെയൊസ് 6:5-6)
വൃഥാവാചാലന്മാരും, ജനങ്ങളെ വഞ്ചിക്കുന്നവരുമായ കീഴടങ്ങാത്ത പലരും ഉണ്ട്; വിശേഷാൽ പരിച്ഛേദനക്കാർ തന്നെ. അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവർ ദുരാദായത്തിനു വേണ്ടി, ഉപദേശിക്കരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു. (തീത്തൊസ് 1:10-11)
നിങ്ങളുടെ ഇടയിലുള്ള മൂപ്പന്മാരോട് അവരിൽ ഒരുവനായ, ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന് സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന് കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്: അതുകൊണ്ട് നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും, അധർമ്മമായ ലാഭമോഹംകൊണ്ടല്ല, ഉന്മേഷത്തോടെയും (1 പത്രൊസ് 5:1-2)
കാഴ്ചപ്പാട്
പണത്തെ സ്നേഹിക്കുന്നവന് ഒരിക്കലും മതിയാവുകയില്ല
ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. സമൃദ്ധിയിൽ കണ്ണുള്ളവന് ആദായം വർദ്ധിച്ചിട്ടും തൃപ്തി വരുന്നില്ല. അതും മായ തന്നെ. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ട് കാണുകയല്ലാതെ മറ്റെന്തു പ്രയോജനം? (സഭാപ്രസംഗി 5:10-11)
മറ്റ് വാക്യങ്ങൾ
ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം. (ഉത്തമഗീതം 8:7)
ജനത്തിനും പുരോഹിതനും, ദാസനും യജമാനനും, ദാസിക്കും യജമാനത്തിക്കും, വാങ്ങുന്നവനും വില്ക്കുന്നവനും, കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും ഒരുപോലെ സംഭവിക്കും. (യെശയ്യാവ് 24:2)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.” (യെശയ്യാവ് 52:3)
അയ്യോ, പൊന്ന് മങ്ങിപ്പോയി, നിർമ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകലവീഥികളുടെയും തലയ്ക്കൽ ചിതറി കിടക്കുന്നു. തങ്കതുല്യരായിരുന്ന സീയോൻ്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ? (വിലാപങ്ങൾ 4:1-2)
എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു. (മത്തായി 22:5)
പുരുഷാരത്തിൽ ഒരുവൻ അവനോട്: ”ഗുരോ, എന്റെ സഹോദരനോട് പിതൃസ്വത്ത് പകുത്ത് നൽകുവാൻ കല്പിച്ചാലും” എന്നു പറഞ്ഞു. അവനോട് യേശു: മനുഷ്യാ, എന്നെ നിങ്ങൾക്ക് ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയത് ആർ? എന്നു ചോദിച്ചു. പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; അവനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു. (ലൂക്കോസ് 12:13-15)
പിന്നെ അവൻ ശിഷ്യന്മാരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക അനാവശ്യമായി ചെലവാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. അവൻ അവനെ വിളിച്ചു: നിന്നെക്കുറിച്ച് ഈ കേൾക്കുന്നത് എന്താണ്? നീ നിന്റെ കാര്യവിചാരകത്തിൻ്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി എന്റെ കാര്യവിചാരകൻ ആയിരിക്കണ്ട എന്നു പറഞ്ഞു. അത് കേട്ടപ്പോൾ കാര്യവിചാരകൻ: ഞാൻ എന്ത് ചെയ്യും? യജമാനൻ എന്റെ ജോലിയിൽ നിന്നും എന്നെ നീക്കുവാൻ പോകുന്നു; കിളയ്ക്കുവാൻ ഉള്ള ശക്തി എനിക്കില്ല; മറ്റുള്ളവരോടു യാചിക്കുവാൻ ഞാൻ നാണിക്കുന്നു. എന്നെ കാര്യവിചാരത്തിൽനിന്ന് നീക്കിയാൽ, ആളുകൾ എന്നെ അവരുടെ വീടുകളിൽ സ്വീകരിക്കേണം. അതിനുവേണ്ടി എന്ത് ചെയ്യേണം എന്നു എനിക്ക് അറിയാം എന്നു ഉള്ളുകൊണ്ട് പറഞ്ഞു. പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തരെ വരുത്തി. ഒന്നാമത്തെ ആളിനോട് നീ യജമാനനോട് കടം വാങ്ങിയിട്ടുള്ളത് എന്താണ്? എന്നു ചോദിച്ചു. നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. കാര്യവിചാരകൻ അവനോട്: നിന്റെ കൈച്ചീട്ട് വാങ്ങി വേഗം അത് അമ്പത് എന്നു എഴുതുക എന്നു പറഞ്ഞു. അതിന്റെശേഷം മറ്റൊരു ആളിനോട്: നീ എന്താണ് കടം വാങ്ങിയിരിക്കുന്നത് എന്നു ചോദിച്ചു. നൂറു പറ ഗോതമ്പു എന്നു അവൻ പറഞ്ഞു; അവനോട്: നിന്റെ കൈച്ചീട്ട് വാങ്ങി എൺപത് എന്നു എഴുതുക എന്നു പറഞ്ഞു. ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചത്തിൻ്റെ മക്കളേക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരാണ് അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും. ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ വലിയ കാര്യങ്ങളിലും വിശ്വസ്തൻ ആയിരിക്കും; ചെറിയ കാര്യങ്ങളിൽ നീതി കാണിക്കാത്തവർ വലിയ കാര്യങ്ങളിലും നീതി കാണിക്കാത്തവർ ആയിരിക്കും. അതുകൊണ്ട് നിങ്ങൾ, നീതി ഇല്ലാത്ത ഈ ലോകത്തിലെ ധനത്തിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായ ധനം നിങ്ങളെ ആരും ഏല്പിക്കുകയില്ല? നിങ്ങളെ ഏൽപ്പിച്ച മറ്റുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്ക് സ്വന്തമായത് ആരും ഏൽപ്പിച്ചുതരികയില്ല. രണ്ടു യജമാനന്മാരെ സേവിക്കുവാൻ ഒരു ദാസനും കഴിയുകയില്ല; അവൻ ഒരാളെ വെറുക്കുകയും മറ്റെ ആളിനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരാളോട് ആത്മാർത്ഥത കാണിക്കുകയും മറ്റെ ആളിനെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല. ഇതൊക്കെയും അമിതമായി ധനം ആഗ്രഹിക്കുന്ന പരീശർ കേട്ടു അവനെ പരിഹസിച്ചു. (ലൂക്കോസ് 16:1-14)
അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടതിനാൽ അവൻ അവർക്ക് കൊടുക്കുവാൻ പണം കൊണ്ടുവന്നു: “ഞാൻ ഒരുവന്റെ മേൽ കൈ വെച്ചാൽ അവനു പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം” എന്നു പറഞ്ഞു. പത്രൊസ് അവനോട്: “ദൈവത്തിന്റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നിന്റെ ഹൃദയത്തിലെ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ടു കർത്താവിനോട് പ്രാർത്ഥിക്കുക; ഒരുപക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. നീ കടുത്ത അസൂയയിലും പാപത്തിന്റെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു” എന്നു പറഞ്ഞു. അതിന് ശിമോൻ: “നിങ്ങൾ പറഞ്ഞത് ഒന്നും എനിക്ക് ഭവിക്കാതിരിക്കുവാൻ കർത്താവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്നു ഉത്തരം പറഞ്ഞു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 8:18-24)
ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിയ്ക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ. (1 കൊരിന്ത്യർ 10:33)
സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി ഏൽപ്പിക്കുന്നു; ബഹുസഹിഷ്ണുതയിലും, കഷ്ടതയിലും, ബുദ്ധിമുട്ടിലും, സങ്കടത്തിലും, തല്ലിലും, സന്തോഷിക്കുന്നവർ എങ്കിലും ദുഃഖിതരായി, പലരെയും സമ്പന്നർ ആക്കുന്നവർ എങ്കിലും ദരിദ്രരായി, എല്ലാം കൈവശമുള്ളവരെങ്കിലും ഒന്നും ഇല്ലാത്തവർ ആയിത്തന്നെ. (2 കൊരിന്ത്യർ 6:4, 10)
അതുകൊണ്ട് ദൈവം ക്രിസ്തുവിനോടൊപ്പം നിങ്ങളെയും ഉയിർപ്പിച്ചിരിക്കുന്നുവെങ്കിൽ, ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിക്കുവിൻ. ഭൂമിയിലുള്ളതിനെക്കുറിച്ചല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു, നിങ്ങളുടെ ജീവൻ ദൈവം ക്രിസ്തുവിൽ മറച്ചിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. ആകയാൽ വ്യഭിചാരം, അശുദ്ധി, അമിതവികാരം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ പാപാഭിലാഷങ്ങളെ മരിപ്പിക്കുവീൻ. (കൊലൊസ്സ്യർ 3:1-5)
എന്തെന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല; (1 തിമൊഥെയൊസ് 4:4)
തടവുകാരോട് നിങ്ങൾ സഹതാപം കാണിച്ചു. കൂടാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങൾക്ക് ഉണ്ട് എന്നറിഞ്ഞ് സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ. (എബ്രായർ 10:34)
വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും, പകരം പാപത്തിന്റെ അല്പകാലത്തെ സന്തോഷത്തേക്കാളും ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നത് നല്ലതെന്ന് കണ്ടു അത് തിരഞ്ഞെടുക്കുകയും ചെയ്തു. ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. (എബ്രായർ 11:24-26)
തിന്മയ്ക്കായി പണം വാഗ്ദാനം ചെയ്തിട്ടും നന്മ
യോവാബ് തന്നെ അറിയിച്ചവനോട്: “നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാൻ നിനക്ക് പത്തുശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു. അവൻ യോവാബിനോട് പറഞ്ഞത്: “ആയിരം ശേക്കൽ വെള്ളി എനിക്ക് തന്നാലും ഞാൻ രാജകുമാരന്റെ നേരെ കൈ ഉയർത്തുകയില്ല; ‘അബ്ശാലോംകുമാരനെ ആരും തൊടാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ’ എന്നു രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങൾ കേൾക്കെയല്ലോ കല്പിച്ചത്. (2 ശമൂവേൽ 18:11-12)
കൂലിപ്പട്ടാളം
ആസായും യിസ്രായേൽ രാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. യിസ്രായേൽ രാജാവായ ബയെശാ യെഹൂദായുടെ നേരെ വന്നു, രാമയെ പണിതുറപ്പിച്ചു; യെഹൂദാ രാജാവായ ആസായുടെ അടുക്കലേക്കുള്ള പോക്കുവരവ് തടയുകയായിരുന്നു അവന്റെ ലക്ഷ്യം. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരത്തിലെ വെള്ളിയും പൊന്നും എടുത്ത് തന്റെ ഭൃത്യന്മാരുടെ കയ്യിൽ ഏല്പിച്ചു; അവൻ ദമാസ്കസിൽ പാർത്തിരുന്ന ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാം രാജാവിന് അവയെ കൊടുത്തയച്ചു: “എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ ഉണ്ടായിരുന്ന സഖ്യത പോലെ നമുക്കു തമ്മിലും ഒരു സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം” എന്നു പറയിച്ചു. ബെൻ-ഹദദ് ആസാ രാജാവിന്റെ അപേക്ഷ കേട്ടു, തന്റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മാഖായും കിന്നെരോത്ത് മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി. (1 രാജാക്കന്മാർ 15:16-20)
അക്കാലത്ത് അരാം രാജാവായ രെസീനും യിസ്രായേൽ രാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന് നേരെ യുദ്ധത്തിന് പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അതിനായി ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയും പൊന്നും എടുത്ത് അശ്ശൂർ രാജാവിനു സമ്മാനമായി കൊടുത്തയച്ചു. അശ്ശൂർ രാജാവ് അവന്റെ അപേക്ഷ കേട്ടു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചടക്കി അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി, രെസീനെ കൊന്നുകളഞ്ഞു. (2 രാജാക്കന്മാർ 16:5, 8-9)
അപ്പോൾ ആസാ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു: എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു. ബെൻ-ഹദദ് ആസാ രാജാവിന്റെ വാക്കുകേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി. (2 ദിനവൃത്താന്തം 16:2-4)
വ്യവഹാരം
നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാത്തവിധം അവന്റെ മുഖത്തെ നിങ്ങൾക്ക് മറയ്ക്കുമാറാക്കിയത്. ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവർ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്ക് സംസാരിക്കുന്നു; അവർ തിന്മയെ ഗർഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു. (യെശയ്യാവ് 59:2, 4)
നിന്റെ പ്രതിയോഗിയോടുകൂടെ ന്യായസ്ഥലത്തേക്കുള്ള വഴിയിൽ ആയിരിക്കുമ്പോൾ തന്നെ വേഗത്തിൽ അവനോട് ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ നിന്നെ കാവൽക്കാരൻ്റെ പക്കലും ഏല്പിച്ചിട്ട് നീ തടവിൽ ആയിപ്പോകും. ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്ന് പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു. (മത്തായി 5:25-26)
നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവന് നിന്റെമേൽ കുപ്പായവും വിട്ടുകൊടുക്കുക. (മത്തായി 5:40)
നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്കുക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് നിന്റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക. നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്കു അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്. (ലൂക്കോസ് 6:29-30)
എതിരാളിയോടുകൂടെ അധികാരിയുടെ അടുക്കൽ പോകുമ്പോൾ വഴിയിൽവെച്ചു അവനോട് നിരന്നുകൊള്ളുവാൻ ശ്രമിക്കുക; അല്ലാഞ്ഞാൽ അവൻ നിന്നെ ന്യായാധിപന്റെ മുമ്പിൽ ഇഴച്ചുകൊണ്ട് പോകയും ന്യായാധിപൻ നിന്നെ ഉദ്യോഗസ്ഥൻ്റെ പക്കൽ ഏല്പിക്കും. ഉദ്യോഗസ്ഥൻ നിന്നെ തടവിലും ആക്കും. അവസാനത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ നിന്നോട് പറയുന്നു. (ലൂക്കോസ് 12:58-59)
നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു അന്യായം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകാതെ അഭക്തന്മാരുടെ മുൻപിൽ പോകുവാൻ തുനിയുന്നുവോ? വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെയും വിധിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ലയോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? എന്നാൽ ഈ ജീവിതത്തെ സംബന്ധിക്കുന്നവയെ എത്ര അധികം? അതുകൊണ്ട് നിങ്ങൾക്ക് ഈ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ അന്യായം ഉണ്ടെങ്കിൽ വിധിക്കുവാൻ സഭ ഗണ്യമാക്കാത്തവരെ നിയമിക്കുന്നുവോ? നിങ്ങളുടെ ലജ്ജയ്ക്കായി ഞാൻ ഇത് പറയുന്നു. സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാക്കുവാൻ പ്രാപ്തിയുള്ളൊരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? എന്നാൽ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നെ. നിങ്ങളുടെ ഇടയിൽ അന്യായം ഉണ്ടാകുന്നത് തന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്? പക്ഷേ, നിങ്ങൾതന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു; (1 കൊരിന്ത്യർ 6:1-8)
തങ്ങൾക്ക് പണച്ചെലവുണ്ടാകുമ്പോൾ ദുഷ്ടന്മാർ ദൈവവേലയെ എതിർക്കുന്നു
ഞങ്ങൾ പ്രാർത്ഥനാ സ്ഥലത്തേക്ക് ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞ് യജമാനന്മാർക്ക് വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. അവൾ പൗലൊസിൻ്റെയും ഞങ്ങളുടെയും പിന്നാലെ വന്ന്: “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോട് അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവൾ ചില ദിവസങ്ങൾ ചെയ്തുവന്നു. പൗലൊസ് വളരെ നീരസപ്പെട്ടിട്ട് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: “അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു. ആ നാഴികയിൽ തന്നെ ഭൂതം അവളെ വിട്ടുപോയി. അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭപ്രതീക്ഷ നഷ്ടപ്പെട്ടത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ച്, ചന്തസ്ഥലത്ത് പ്രമാണികളുടെ അടുക്കലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 16:16-19)
വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ ഉണ്ടാക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ ഈ വക തൊഴിൽക്കാർക്ക് വളരെ ലാഭം വരുത്തി വന്നു. അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തത് ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ച് പിൻതിരിപ്പിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ. അതുമൂലം നമ്മുടെ ഈ തൊഴിൽ ആവശ്യമില്ലാതെയാകും എന്ന അപായംമാത്രമല്ലാതെ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചു പോരുന്നവളുടെ മാഹാത്മ്യം ഏതുമില്ലാതെയായിപോകുകയും ചെയ്യും” എന്നു പറഞ്ഞു. (അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 19:24-27)